Wednesday, November 28, 2018

പഞ്ചമയകോശം


മനുഷ്യശരീരം ,അന്നമയകോശം , പ്രാണമയകോശം , മനോമയകോശം , വിജ്ഞാനമയകോശം , ആനന്ദമയകോശം എന്നിങ്ങനെ അഞ്ചു കോശങ്ങളാൽ നിർമ്മിതമാണ് എന്ന് യോഗശാസ്ത്രമതം.

ഭൗതികലോകത്തിലെ ഘടകങ്ങളിൽ നിന്ന് രൂപപ്പെട്ട ഭൗതിക ശരീരം ആണ് അന്നമയകോശം. ജനനം മുതൽ വളർച്ചയും, പരിണാമവും, ജീർണ്ണതയും കഴിഞ്ഞു മരണം വരെ അന്നമയകോശത്തിന്റെ പ്രത്യേകതകൾ ആണ്.
സ്വയം അനുഭവിക്കാനും, മറ്റുള്ളവർക്ക് അറിയുവാനും , ഇന്ദ്രിയഗ്രാഹ്യവുമായ ഒന്നാണ് അന്നമയകോശം.ചിട്ടയായ ആഹാരവും , യോഗയും അന്നമയകോശത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ചു രോഗങ്ങളെ നിയന്ത്രിക്കാൻ ഉപകരിക്കുന്നു.

അന്നമയകോശത്തിന്റെ പ്രവർത്തനത്തിന് ആവശ്യമുള്ള ഊർജ്ജത്തിന്റെ സ്രോതസ്സാണ് പ്രാണമയകോശം.ഇന്ദ്രിയത്തിനു അറിയുവാൻ സാധിക്കാത്ത ഊർജ്ജങ്ങളായ പ്രാണൻ, അപാനൻ , സമാനൻ ,വ്യാനൻ ,ഉദാനൻ എന്നിവയാണ് പ്രണാമയകോശത്തിന്റെ ഘടകങ്ങൾ.പ്രാണായാമം പോലുള്ള പരിശീലനങ്ങൾ പ്രാണമയകോശത്തെ സംതുലിതമാക്കുന്നു.

അഹങ്കാരം  ആധിയ്ക്കും  , ചിന്തകൾക്കും കാരണമാവുകയും , അവ സുഖദുഃഖ കാരണങ്ങൾ ആയി ഭവിക്കുകയും ചെയ്യുന്നു.ഭൂരിപക്ഷ രോഗങ്ങൾക്കും കാരണങ്ങളായ ആശയത്തെ ധാരണയും ധ്യാനവും ഈശ്വരഭക്തിയും കൊണ്ട് ശുദ്ധീകരിച്ചു പ്രണാമയകോശത്തെ പരിപൂർണമാക്കുവാൻ സാധിക്കും.

മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന തലമാണ് വിജ്ഞാനമയകോശം. ഇത് ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും തലമാണ്.എന്തിനെയും ബുദ്ധിയുടെ തലത്തിൽ വിശകലനം ചെയ്യുകയും , അതിന്റെ അടിസ്ഥാനത്തിൽ മനോമയകോശത്തിൽ ചിന്താതരംഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.വികാരനിയന്ത്രണം സാധ്യമാകുന്നത് വിജ്ഞാനമയകോശത്തിൽ ആണ്.


ആത്മാവിന്റെ തലമായ ആനന്ദമയകോശത്തിൽ ആണ് ആനന്ദം , സന്തോഷം , സമാധാനം എന്നിവ പ്രകടമാക്കപ്പെടുന്നത്. ആത്മാവിനെ അറിയുവാനുള്ള നിരന്തര പരിശ്രമത്തിലൂടെ അഹങ്കാരവും , ആകുലതകളും അകന്ന് പരിപൂർണ്ണ ആനന്ദത്തിലേക്കു എത്തുന്നത് ആനന്ദമയകോശത്തിന്റെ തലത്തിൽ ആണ്.


Tuesday, November 27, 2018

വിരക്തി ആത്മീയതയിൽ



വാസന ഒരു ബന്ധനം തന്നെ ആണ്. വാസനകളിൽ കുരുങ്ങി കിടക്കുന്ന ഒരുവന് മുക്തി സ്വപ്നത്തിൽ പോലും ലഭ്യമാകുന്നില്ല.ഇന്ദ്രിയസുഖങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരും , പ്രശസ്തിയിലും മറ്റു പ്രലോഭനങ്ങളിലും വശംവദരാവുന്നവരും ബന്ധനങ്ങളിൽ തന്നെ ആണെന്നറിയുക.
സൂക്ഷ്മവാസനകൾ പോലും അവസാനിച്ച് ആത്മജ്ഞാനം നേടിയവന് ലൗകിക കാര്യങ്ങളിൽ വിരക്തി സഹജമാണ്.

എത്രയോ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടായി , നിലനിന്നു നശിച്ചു പോയിരിക്കുന്നു.ഭാവനാലോകത്തു നിർമ്മിതമാകുന്ന കൊട്ടാരങ്ങൾ പോലെ  ലോകവും മറ്റൊരു ഭാവനാസൃഷ്ടി മാത്രമാണ്.ഈ പ്രപഞ്ചം ദൃശ്യമാകുന്നത് ഹൃദയത്തിൽ ആണ്. ഇന്ദ്രിയങ്ങൾ കൊണ്ടറിഞ്ഞതിനെ സത്യമെന്നു കരുതി ഭാവനാലോകത്തു താലോലിക്കുന്നു , അങ്ങനെ അത് ശക്തിയാര്ജിക്കുന്നു.ജീവിതത്തിൽ കാണാത്ത ചിലതു മരണത്തിലൂടെ കാണുവാൻ കഴിയുകയും , മറ്റൊരു സാങ്കൽപ്പിക ലോകം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

നിമിഷനേരം കൊണ്ട് തകർന്നു പോകാവുന്നതാണ് രൂപാരസാദികളാൽ കിട്ടുന്ന സുഖം.അങ്ങനെയുള്ള സുഖങ്ങളിൽ തൃഷ്ണയില്ലാതിരിക്കുക എന്നതാണ് യഥാർത്ഥ വിരക്തി.കാമങ്ങളിൽ നിന്ന് കർമ്മവും , കർമ്മഫലങ്ങളും , സുഖദുഃഖങ്ങളും ഉണ്ടാകുന്നു. സുഖദുഃഖാനുഭവങ്ങൾക്കു വേണ്ടി പഞ്ചഭൂത നിർമ്മിതമായ ശരീരം സ്വീകരിക്കുകയും ചെയ്യപ്പെടുന്നു.

ഈ സുഖങ്ങളിൽ മനം മടുത്തു സർവ്വ രാഗങ്ങളും ഒടുങ്ങുന്ന ഒരു അവസ്ഥ ആണ് വിരക്തി. അത് തന്നെ ആണ് സന്ന്യാസത്തിന്റെ തുടക്കവും - സം ന്യാസി - വിഷയങ്ങളെ ത്യജിച്ചവൻ. ഗൃഹസ്ഥാശ്രമത്തിൽ നിന്ന് സന്ന്യാസത്തിലേക്കുള്ള വഴികാട്ടിയായി നമുക്ക് വിരക്തിയെ മനസിലാക്കാം.

Monday, November 26, 2018

ശ്രവണം, മനനം, നിദിദ്ധ്യാസം

ശ്രവണം, മനനം, നിദിദ്ധ്യാസം ഇങ്ങനെ മൂന്നു പടികളാണ് ജ്ഞാനാനുഭൂതിക്കുള്ള അഭ്യാസങ്ങളായി വേദം വിധിച്ചിരിക്കുന്നത്.
ഇതില്‍ ശ്രവണമാണ് ഒന്നാമത്തേത്.

ആത്മബോധമുള്ള ഒരു ഗുരുവിനു മുന്നിൽ പൂർണ്ണശ്രദ്ധയോടെ, സമർപ്പണത്തോടെ ഇരുന്ന്, ആ ഗുരുമുഖത്തു നിന്നും വരുന്ന അറിവുകളെ ശ്രവിക്കുകയും, ബോദ്ധ്യം വരുത്തുകയും ചെയ്യുന്നതാണ് ശ്രവണം.

തിരക്കിൽ പതഞ്ഞു പൊങ്ങുന്ന വിവിധ ചിന്താപ്രവാഹത്തിലലിഞ്ഞു പോകാതെ, അറിഞ്ഞതിനെ വീണ്ടും വീണ്ടും അരക്കിട്ടുറപ്പിക്കുന്നതാണ് യഥാർത്ഥ ശ്രവണം.

ഇങ്ങിനെ അറിഞ്ഞതിനെക്കുറിച്ച് സൂക്ഷ്മവിചാരം നടത്തുകയും, ഉരുത്തിരിഞ്ഞ സംശയങ്ങളെ ദൂരീകരിച്ച് സ്വയം ബോദ്ധ്യമാക്കി വയ്ക്കുന്നതാണ് മനനം.

ശ്രവണം, മനനം എന്നിവയിലൂടെ സംശയരഹിതമായ അറിവിനെ സമാധിയിലൂടെ കാണുകയും , അതങ്ങിനെതന്നെയെന്ന് നിർണ്ണയിക്കുന്നതും ആണ് നിദിദ്ധ്യാസം.

ശ്രവണം തുടങ്ങുമ്പോൾ തന്നെ മനനവും തുടങ്ങുന്നുണ്ട്. മനനം തീരുന്നതോടെ ആ അറിവ് നാം തന്നെ ആയി മാറുകയും അതിനെ ഹൃദിസ്ഥമാക്കാൻ യത്നിക്കേണ്ടാത്തതായ അവസ്ഥ വരികയും ചെയ്യുന്നു.
അറിവും , അറിയുന്നവനും ഒന്നായി മാറുന്നതാണ് നിദിദ്ധ്യാസം 

വേദാന്തം - ഒരെത്തിനോട്ടം



വേദങ്ങളുടെ അന്തം അഥവാ വേദാന്തം എന്നാൽ അറിവിന്റെ പരമമായ അവസ്ഥ എന്നാണ് അർഥം.പുരാതന കാലത്തിലെ അറിവുകളുടെ ഒരു സമാഹരണം ആയി നമുക്ക് വേദാന്തത്തെ കാണാം.വേദങ്ങളെ നാലായി തരം തിരിക്കാം

1 ഋഗ്വേദം
2 യജുർവേദം
3 സാമവേദം
4 അഥർവ്വവേദം

ഓരോ വേദത്തിന്റെയും ഒടുവിൽ പ്രപഞ്ച , ജീവിത വീക്ഷണങ്ങളെ വിശദമാക്കുന്ന ഭാഗങ്ങൾ ഉപനിഷത്തുകൾ എന്നറിയപ്പെടുന്നു.

ഓരോ വേദവും മന്ത്രങ്ങളും , ബ്രാഹ്മണങ്ങളും ,ആരണ്യകങ്ങളും , ഉപനിഷത്തുകളും കൊണ്ട് ധന്യമാണ്‌.

മന്ത്രങ്ങൾ             :     പ്രപഞ്ചസൗന്ദര്യത്തിന്റെ ആസ്വാദനവും ,  പ്രപഞ്ചശക്തികളുടെ ആരാധനയും 

ബ്രാഹ്മണങ്ങൾ   :      ആചാരങ്ങളും , ജീവിതക്രമങ്ങളും 

ആരണ്യകങ്ങൾ :      ആരാധന സമ്പ്രദായങ്ങളും ഉപാസനകളും 

ഉപനിഷത്തുകൾ :     ജീവിതലക്ഷ്യവും , ജീവനുകൾ തമ്മിലുള്ള                പരസ്പരബന്ധവും 

108 പ്രധാന ഉപനിഷത്തുകളിൽ , ഈശാവാസ്യം,കേനം,കഠം ,പ്രശനം,മുണ്ഡകം ,മാണ്ഡൂക്യം ,തൈത്തിരീയം,ഐതരേയം,ഛാന്ദോഗ്യം ,ബൃഹദാരണ്യകം എന്നിങ്ങനെ 10 എണ്ണം സർവ്വപ്രധാനം ആണ്.

സനാതനധർമ്മത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ ആണ് വേദങ്ങൾ.ഇതിനെ കർമ്മകാണ്ഡം,ഉപാസനകാണ്ഡം, ജ്ഞാനകാണ്ഡം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.സുഖാന്വേഷിയായ മനുഷ്യൻ പുരാതന കാലം മുതൽക്കേ എല്ലാ പ്രവർത്തികളും സുഖാന്തത്തിനായി ചെയ്തു വന്നു.സ്വാനുഭവങ്ങളെക്കൊണ്ട് ഈ ലോകത്തിൽ സുഖം കിട്ടാതെ വന്നപ്പോൾ സ്വർഗം എന്ന സങ്കല്പം ഉണ്ടാക്കി കർമ്മകാണ്ഡത്തെ ആ സ്വർഗ്ഗപ്രാപ്തിക്കുള്ള ഉപായം ആക്കി.


ദേവപ്രീതിയിൽ സ്വർഗ്ഗപ്രാപ്തിക്കു വേണ്ടി യാഗങ്ങൾ എല്ലാം ചെയ്തു ലഭിക്കുന്ന  സുഖം പരമമായ ഒന്നല്ലെന്നും , കർമ്മഫലങ്ങളെ അനുഭവിച്ചു കഴിയുന്നതു വരെ മാത്രം ആയുസ്സുള്ളതാണ് ആ സ്വർഗീയ സുഖമെന്നും തിരിച്ചറിഞ്ഞ മനുഷ്യമനസ്സ് ഈശ്വരോപാസനയിലൂടെ ശാശ്വതമായ ദുഃഖപരിഹാരത്തിനു വേണ്ടി അനുഷ്ടിച്ച ഉപാസനകൾ ആണ് ഉപാസനകാണ്ഡത്തിൽ പ്രതിപാദിക്കുന്നത്.

ഉപാസനയിലും ദ്വൈതത്താലുള്ള ഭയം ഒളിഞ്ഞിരിക്കുന്നതിനാൽ ശാശ്വതമായ സുഖലബ്ദ്ധി പ്രാപ്തമാകാത്ത മനുഷ്യൻ അജ്ഞതയാണ് ദുഖകാരണമെന്ന് തിരിച്ചറിയുകയും, ജ്ഞാനം കൊണ്ടു മാത്രമേേ അജ്ഞത എന്ന  ദുഃഖം അകലുകയുള്ളൂ എന്ന് മനസ്സിലാക്കുകയും ചെയ്തു. മനുഷ്യന്റെ ഈ ജ്ഞാനാന്വേഷണതത്ത്വങ്ങളെ പ്രതിപാദിക്കുന്നതാണ് ജ്ഞാനകാണ്ഡം.



ശ്വാസവും ആയുസ്സും


"ഒരു യോഗി , തന്റെ  ആയുസ്സ്  നിര്ണ്ണയിക്കുന്നത് വര്ഷ്ങ്ങളുടെ അടിസ്ഥാനത്തിൽ അല്ല , മറിച്ചു ശ്വാസത്തിന്റെ എണ്ണം കൊണ്ടാണ് "
സ്വാമി ശിവാനന്ദ -

ഒരു മിനിറ്റിൽ പതിനഞ്ചു തവണ ശ്വാസം എടുക്കുന്ന വ്യക്തി ഏകദേശം എഴുപത്തിയഞ്ച് വയസ്സ് വരെ ജീവിച്ചിരിക്കും എന്ന് പറയപ്പെടുന്നു.ഇത് പത്തിൽ താഴെ ആണെങ്കിൽ ആയുസ്സു നൂറ് വര്ഷം കടക്കുമെന്നും, വേഗത്തിൽ ശ്വസിക്കുന്നവർ അൽപ്പായുസ്സുള്ളവർ ആകുമെന്നും പറയപ്പെടുന്നു.

നമ്മൾ ജനിച്ചപ്പോൾ മുതൽ ശ്വസന പ്രക്രിയ നാം അറിയാതെ തന്നെ നടന്നുകൊണ്ടിരിക്കുന്നു. അത് നാം ഉറങ്ങുമ്പോഴും , ഉണർന്നിരിക്കുമ്പോഴും , സ്വപ്നലോകത്തിലും ഒരു പ്രത്യേക താളത്തിൽ നടന്നുകൊണ്ടിരിക്കുന്നു.

അറിയാതെ , എന്നാൽ ഇടമുറിയാതെ നടക്കുന്ന ഈ ശ്വസന പ്രക്രിയ നമ്മുടെ മനസ്സുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.ഇതേ ശ്വസനപ്രക്രിയയിലൂടെ നമുക്ക് ബോധത്തിന്റെ വ്യത്യസ്ത തലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നു.പൂര്ണബോധത്തോടെ ഉള്ള ശ്വാസത്തിനു നമ്മുടെ ഭൗതികവും , മാനസികവും , വൈകാരികവുമായ തലങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.

അറിയാതെ ഉള്ള യാന്ത്രികമായ ശ്വസനത്തിൽ നിന്നും ബോധത്തോടെ ഉള്ള ശ്വസനം നമ്മെ വർത്തമാനകാലത്തിലേക്കു കൊണ്ടുവരുന്നു.ഭൂതകാലത്തിലും , ഭാവികാലത്തിലും അലഞ്ഞു നടക്കുന്ന മനസ്സിനെ വർത്തമാനകാലത്തിന്റെ സത്യത്തിലേക്ക് ആനയിക്കുവാൻ ബോധപൂർണമായ ശ്വസനം സഹായിക്കുന്നു.ഇതു തന്നെ ആണ് ധ്യാനവും.

ശ്വാസത്തിന്റെ ഗതിവിഗതികളിൽ മാറ്റം വരുത്തി നമുക്ക് മനസ്സിന്റെ അവസ്ഥകളെ നിയന്ത്രിക്കാനാകും.മറ്റൊരു തരത്തിൽ പറഞ്ഞാൽ , മനസ്സിന്റെ ചലനങ്ങളുമായി ശ്വാസതാളം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.അതുകൊണ്ടു തന്നെ ശ്വാസതാളത്തിന്റെ ഗതിയിലൂടെ മനസിന്റെ താളവും മാറിമറിയുന്നു.

ശരീരത്തിലെ 72000 ഊർജ്ജചാലകങ്ങളിൽ ഇട , പിങ്കള , സുഷുമ്ന എന്നീ മൂന്നു നാഡികൾ ആണ് ഊർജ്ജപ്രവാഹത്തിൽ സാരമായ പങ്കുവഹിക്കുന്നവ. മൂലാധാരചക്രത്തിൽ നിന്ന് തുടങ്ങി വലത്തേ നാസികയിൽ അവസാനിക്കുന്ന പിങ്കളയും, മൂലാധാരചക്രത്തിൽ നിന്ന് തുടങ്ങി ഇടത്തെ നാസികയിൽ അവസാനിക്കുന്ന ഇടയും , സൂര്യചന്ദ്രന്മാരുടെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു.നടുവിലുള്ള സുഷുമ്ന നാഡിയിലൂടെ  , സന്തുലിതമായ കുണ്ഡലിനി ഊർജ്ജപ്രവാഹവും നടക്കുന്നു.

ശരീരത്തിന്റെയും മനസിന്റെയും അവസ്ഥ അനുസരിച്ചു ശ്വാസം കൂടുതലായി ഏതെങ്കിലും ഒരു നാസികയിലൂടെ സഞ്ചരിക്കുന്നു. ഇത് ദിവസത്തിൽ പലതവണ ഇടതിൽ നിന്ന് വലതിലേക്കും തിരികെയും മാറുന്നു.ഇട , പിങ്കള നാഡിയിലെ ഊർജ്ജപ്രവാഹം സന്തുലിതമാകുമ്പോൾ , സുഷുമ്ന നാഡി ഉണരുകയും , അതിലൂടെ ഊർജ്ജപ്രവാഹം അല്പസമയത്തേക്കെങ്കിലും നടക്കുകയും ചെയുന്നു.

യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം അഥവാ  നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം.  ഇതിൽ ബോധപൂർവ്വം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.

യോഗയിലൂടെ ശ്വാസകോശത്തെ  പൂർണ സംഭരണശേഷിയിലെത്തിക്കുകയും, പ്രാണവായുവിന്റെ പ്രവാഹം പൂർണ്ണതയിൽ എത്തിച്ചു,തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുകയും, അതിലൂടെ   ചിന്തകൾ ഉയർച്ച പ്രാപിക്കുകയും ചെയ്യുന്നു. ശ്വാസനിയന്ത്രണ ത്തിലൂടെ വികാരനിയന്ത്രണം സാധ്യമാകുകയും , ആത്മീയ ഉന്നതി പ്രാപ്തമാകുകയും ചെയ്യുന്നു.


ചുരുക്കത്തിൽ , ശ്വാസനിയന്ത്രണം കൊണ്ട് ജീവിതത്തിൽ ശാരീരികമായും മാനസികമായും ഉണർച്ചയും ഉയർച്ചയും ഉണ്ടാകാനും , അതുവഴി ജീവിതം ധന്യമാക്കാനും കഴിയുന്നു

ആഗ്രഹം

ജീവിതത്തെ ചലിപ്പിക്കുന്നതും മുന്നോട്ടു നയിക്കുന്നതും ആഗ്രഹം ആണ്. ആഗ്രഹം ഇല്ലെങ്കിൽ പിന്നെ ജീവിതം ഇല്ല.എന്നാൽ ഈ ആഗ്രഹം തന്നെ ആണ് മനുഷ്യനി...