ജീവിതത്തെ ചലിപ്പിക്കുന്നതും മുന്നോട്ടു നയിക്കുന്നതും ആഗ്രഹം ആണ്. ആഗ്രഹം ഇല്ലെങ്കിൽ പിന്നെ ജീവിതം ഇല്ല.എന്നാൽ ഈ ആഗ്രഹം തന്നെ ആണ് മനുഷ്യനിൽ നിരാശ ഉണ്ടാക്കുന്നതും. ആഗ്രഹം എന്നത് മനുഷ്യസഹജമാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഈ ആഗ്രഹവും അത് നടക്കാതെ വരുമ്പോൾ ഉള്ള നിരാശയും ഇന്ന് നിത്യസംഭവം ആണ്.
ആഗ്രഹം നിയന്ത്രിച്ചു നിരാശ കുറയ്ക്കാം എന്നതും വ്യർത്ഥമാണ് .ഒരു ചെറിയ ചിന്തയിൽ പോലും ആഗ്രഹം ഒളിഞ്ഞിരിക്കുന്നു എന്ന് വരുമ്പോൾ ഓരോ ചിന്തയും നിരാശയിലേക്ക് നയിച്ചേക്കാം എന്ന് നാം മനസിലാക്കുന്നു.
എന്നാൽ ചിന്തകളില്ലാത്ത ജീവിതം ജീവിതമല്ല താനും.
ഭൗതികമായ ഏതൊന്നിന്നും പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഒരുവനിലെ ആഗ്രഹം പരിധി പൊട്ടിച്ചു സ്വാതന്ത്രമാവാൻ കൊതിച്ചു കൊണ്ടേ ഇരിക്കുന്നു. ഭൗതികമായ ഈ ശരീരം കൊണ്ട് അനുഭവിച്ചു അറിയുന്നതിനും പരിധിയുണ്ട്. അതുകൊണ്ടു തന്നെ ഈ ശരീരം കൊണ്ട് ഒരു മനുഷ്യന്റെ ആഗ്രഹ പൂർത്തീകരണം സാധ്യമല്ല തന്നെ. ആഗ്രഹത്തെ ശരീരത്തിന്റെ പരിധിയിൽ നിന്ന് അഴിച്ചു വിടുക എന്നതാണ് അതിനുള്ള മാർഗ്ഗം.ശരീരത്തിന്റെ ഭൗതികമായ പരിധിയിൽ നിന്ന് പുറത്തു കടക്കുന്നതോടെ മനുഷ്യൻ അനന്തമായ സാധ്യതയിലേക്കു നയിക്കപ്പെടുന്നു.
No comments:
Post a Comment